Thursday, August 03, 2006

തീരത്ത്‌...?

അകലെ ചുവന്ന ചക്രവാളത്തിലേക്ക്‌ ഊളിയിട്ടണയുന്ന സൂര്യരശ്മികള്‍ നീലസാഗരത്തിലെ ജലവിതാനത്തെ സ്പര്‍ശിച്ചു തുടങ്ങിയിരിക്കുന്നു.അണയും മുന്‍പു ആളിക്കത്തുന്ന ആ വര്‍ണപ്രപഞ്ചം ആരെയെങ്കിലും ആകര്‍ഷിക്കുന്നുണ്ടോ? ഒരുപാടുപേര്‍ ഒറ്റയ്ക്കും കൂട്ടമായും ഈ മണല്‍പ്പരപ്പില്‍ ഇരിക്കുന്നുണ്ട്‌. കുറേപേര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്‌. എന്താണ്‌ അവര്‍ വീക്ഷിക്കുന്നത്‌? എന്നത്തെയുംപോലെ സൂര്യന്‍ ഇന്നും അസ്തമിക്കുന്നു. ഇന്നത്തേതിനു മാത്രം എന്താണു പ്രത്യേകത? അസ്വസ്ഥമായിരുന്ന എന്റെ മനസ്‌ പിന്നെയും ചോദ്യശരങ്ങളുമായി എന്നെ നേരിടാന്‍ ഒരുങ്ങി.
എന്തുകൊണ്ടാണീ മനുഷ്യന്‍ മാത്രം ഇങ്ങനെ വിഡ്ഢികളായത്‌? ഈ തലച്ചോറും വിവേകവും എന്തിനാണു ദൈവം മനുഷ്യനു മാത്രം കൊടുത്തത്‌? ഇത്‌ കിട്ടിയതുകൊണ്ട്‌ എന്തു നേടി? മനുഷ്യന്‍ ശാസ്ത്രത്തെ അനുനയിച്ച്‌ സാങ്കേതികവിദ്യ സൃഷ്ടിച്ചുവത്രെ! എന്നിട്ടോ....? പിന്നെയും ശാസ്ത്രം പരാജയപ്പെടുന്നില്ലേ? മനുഷ്യന്‍ തന്നേക്കാളും ശക്തിമത്തായതിനെയൊക്കെ വിവേകം കൊണ്ടു തന്റെ ആജ്ഞാനവര്‍ത്തികളാക്കിയിരിക്കുന്നു, എവിടെയോ വായിച്ചുകേട്ടതാണിത്‌.ശരിയാണോ ഇത്‌? ശാസ്ത്രം വിതച്ച വിത്ത്‌,പിന്നീട്‌ അസുരവിത്തായില്ലേ? എന്റെ മനസിലെ ചോദ്യങ്ങളുടെ വികാസം വര്‍ദ്ധിച്ചിരിക്കുന്നു.ആ ചോദ്യചിഹ്നം പിന്നെയും പിന്നെയും വലുതായിക്കൊണ്ടിരുന്നു.
എന്തിനാണ്‌ എന്റെ ഈ ജീവിതം, വെട്ടിപ്പിടിക്കാന്‍ മാത്രമായി... മറ്റൊരര്‍ത്ഥത്തില്‍, പണവും സുഖവും തേടി അലയാന്‍..അല്ലേ! സുഖവും ശാന്തിയും എവിടെ വാങ്ങാന്‍ കിട്ടും അതാണ്‌ അടുത്ത ചോദ്യം.ഈ ചോദ്യങ്ങള്‍ ഒക്കെ ഓരോരുത്തരും പരസ്പരം ചോദിക്കുന്നതല്ലേ? ബാല്യം കഴിഞ്ഞു കൗമാരമായി. ഇനി വാര്‍ധക്യം, പിന്നെയൊ ജഡം. അത്രയല്ലേ ഉള്ളൂ.. അതുവരെ...? അലയാം! ഒരു ഭ്രാന്തനായി.. ഭൗതികസുഖങ്ങള്‍ അന്വേഷിച്ചിറങ്ങിയ ഭ്രാന്തന്‍!!! ജരാനര ബാധിച്ച എന്റെ ഈ മനസ്സുമായി.
ഇരുട്ടു വ്യാപിച്ചു കഴിഞ്ഞു.തീരത്തിലെ ഓളങ്ങളുടെ അട്ടഹാസം കുറഞ്ഞിരിക്കുന്നു. ചോദ്യങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയ വെളിച്ചം തേടി ഞാന്‍ എണീറ്റു..ഇനി ചോദ്യം നാളെയെക്കുറിച്ചാണ്‌...

3 comments:

വക്കാരിമഷ്‌ടാ said...

ആലോചിച്ചാലൊരന്തവുമില്ല...
ആലോചിച്ചില്ലെങ്കിലൊരു കുന്തവുമില്ല...

എന്ന പോളിസിയാണ് ചിലപ്പോളൊക്കെ നല്ലതെന്ന് തോന്നും. ശാസ്‌ത്രത്തില്‍ മാത്രമൂന്നിയുള്ള ജീവിതവും പ്രശ്‌നം തന്നെയാണെന്ന് തോന്നുന്നു.

കൊള്ളാം.

ലാപുട said...

സുഹൃത്തേ,
ആരോ പറഞ്ഞു കേട്ടിട്ടുണ്ട്....ജീവിതം എന്ന പേരില്‍ നം അനുഷ്ഠിക്കുന്നതെല്ലാം ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണെന്ന്‍...ഭക്ഷണം,ഉറക്കം,ആരോഗ്യ പരിരക്ഷ,പഠനം....ഒന്നോര്‍ത്താല്‍ ഇതെല്ലാം ചില തയ്യാറെടുപ്പുകള്‍ മാത്രമല്ലെ...?
ഇതിനിടയല്‍ നാമെപ്പോഴെങ്കിലും ജീവിക്കുന്നുണ്ടോ....? ഒരു പക്ഷെ നാം ജീവിക്കുന്നത് സ്വപ്നങ്ങളില്‍ മാത്രമായിരിക്കും അല്ലെ...?

നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍...

വേണു venu said...

എന്തിനാണ് എന്റെ ഈ ജീവിതം?.സുഹ്രുത്തെ ,
ശങ്കരാചാര്യര്‍‍ ഭജഗോവിന്ദത്തില്‍ പറന്ഞ പച്ച പരമാര്‍ഥം,

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീജതരേ സയാനം
ഇത സംസാരേ ബഹുദുസ്താരേ
ക്രുപയാ പാരേ പാഹി മുരാരേ

The individualised ego,prompted by desires-entertained by his imagination and cultivated by his habits,but not yet completely fulfilled-must seek ever fresh fields of experiences repeatedly.
വക്കാരി പറന്ഞതു തന്നെ എത്രയോ മഹത്തായ സത്യമാണു.
ചിന്തോദ്യപകമായിരുന്നു ലേഖനം.