Saturday, September 05, 2009
എന്റെ ഓണം
ഓഫീസിലെ ഓണാഘോഷ പരിപടിക്കിടെ ഒരു ഉത്തരേന്ത്യന്‍ സുഹൃത്താണ് എന്നോട് ഈ ചോദ്യം ചോദിച്ചത്.. മറ്റേതു ആഘോഷങ്ങലെക്കളും ഓണം എന്തെ മലയാളിക്ക് ഇത്രയേറെ പ്രാധാന്യമുള്ളതായി. പറയാന്‍ നൂറു നൂറു ഉത്തരങ്ങള്‍ നാവിന്‍ തുമ്പില്‍ ഉണ്ടെങ്കിലും ഞാനും ചിന്തിച്ചു പോയി യഥാര്‍ത്ഥത്തില്‍ എന്താണ് മലയാളിയുടെ ഓണം...
ഈ ഉത്തരത്തിനു വേണ്ടി കഴിഞ്ഞ നാല് ഓണ നാളുകളിലും ഞാന്‍ ഒരു റിസര്‍ച്ചില്‍ആയിരുന്നു.
ചാലയിലും കിഴക്കേ കോട്ടയിലും പൂരാടം, ഉത്രാടം ദിനത്തില്‍ കണ്ട ജനത്തിരക്ക് മാത്രം മതിയാരുന്നു എന്റെ ഉത്തരമായി. വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മെ കാണാന്‍ ആഗതനാകുന്ന മഹാബലി തിരുമാനസിനെ വരവേല്‍ക്കാനായി ആണെങ്കിലും മലയാളികള്‍ ഒക്കെ ഒറ്റ മനസായി സന്തോഷിക്‌കുകയാണ് പുതിയതായി എന്തെങ്കിലും ഇല്ലാതെ ഒരു ഓണക്കാലം മലയാളിയുടെ മനസ്സില്‍ ഇല്ല.. എത്ര പാവപ്പെട്ടവനും കാണാം വിറ്റും അത് നേടുന്നുണ്ട് .
അതെ! മലയാളിയുടെ സന്തോഷം തന്നെയാന്‍ഓണം. ഐശ്വര്യത്തിന്റെ പ്രതീകമാണ് ഓണം. നന്മയാണ് ഓണം . കുട്ടികള്ക്ക് പുതു വസ്ത്രങ്ങളും ഓണക്കളികലുമാണ് ഓണമെന്കില്‍ മുതിര്‍ന്നവര്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം ഇത്തിരി നേരം സംസാരിക്കണം. അവര്ക്കു എന്തെങ്കിലും നല്‍കണം. കൂട്ടുകാര്‍ക്ക് ഒന് ഒത്തു കൂടണം. ഒത്തൊരുമിച്ചു ഭക്ഷണം കഴിക്കണം. ഓഫിസിലും സ്കൂളിലും ഒരുമിച്ചു അത്തപ്പൂ ഇടണം.
ഈ നന്മ ഈ സന്തോഷം ഈ ഉല്സാഹം അതാണ് അത് മാത്രമാണ് ഓണത്തെ വേറിട്ട് നിര്‍ത്തുന്ന പ്രത്യേകത.
മഹാബലി തിരുമനസ്സ്, അങ്ങേക്ക് നന്ദി .... ഈ സന്ദേശം ഞങ്ങള്ക്ക് സമ്മാനിച്ചതിന്... മലയാളി ഏറ്റവും അധികം അഭിമാനിക്കുന്നത് ഈ സന്തോഷം കൊണ്ടു മാത്രമാന്‍ .. ലോകത്തില്‍ മറെവിടെയെന്കിലും ഇങ്ങന്നെ ഒരു ആഘോഷം ഉണ്ടോ എന്ന് എനിക്കറിയില്ല... ഇതു സുകൃതമാണ്.
അങ്ങ് നല്കിയ സന്ദേശം അതെ പടി ഞങ്ങള്‍ അനുസരിചിട്ടില്ലയിരിക്കാം ... അതിന് മാപ്പ് . എങ്കിലും ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്ക്ക് സന്തോഷം തരുന്ന തരത്തില്‍ ഞങ്ങള്‍ ആഘോഷിക്കുന്നു ..
ഇതാണ് ഞങ്ങളുടെ ഓണം ... ഈ രീതിയില്‍ തന്നെ കാലം മാറുന്നതിന് അനുസരിച്ച് ഓണ ചിട്ടകളും മാറിയേക്കാം .. എങ്കിലും എന്നും എല്ലാ ഓണ നാളുകളും ഞങ്ങള്‍ ആഘോഷിക്കും .. അങ്ങയെ കാത്തിരിക്കും . അങ്ങ് ഇനിയും വരണം...
Friday, August 11, 2006
ഇങ്ങനെയും ഒരു ബസ് യാത്ര
ഞങ്ങളുടെ ഓരോ കോളെജ് ദിവസവും ആരംഭിക്കുന്നത് നെടുമങ്ങാടു ബസ് സ്റ്റാന്റില്‍ നിന്നാണ്. നെടുമങ്ങാടു നിന്നും കോളേജിലേക്കുള്ള യാത്ര 'സ്പെന്‍സര്‍ ബസി'ലാണ്.(സ്പെന്‍സര്‍ വഴി തിരുവനന്തപുരത്തേക്കു പോകുന്നതുകൊണ്ടു ഞങ്ങളിതിനെ ഇങ്ങനെ വിളിച്ചു.) ജനങ്ങള്‍ക്കു സ്വന്തം എന്ന് K.S.R.T.C ബസില്‍ എഴുതിവച്ചിട്ടുണ്ടല്ലോ, ഇനി അങ്ങനെ എഴുതിയിട്ടില്ലെങ്കിലും ഈ ബസിന്റെ owner ഞങ്ങളായിരുന്നു. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഇങ്ങനെ (കോളേജിലെക്കു എന്നു പറഞ്ഞു) വീട്ടില്‍ നിന്നും ഇറങ്ങുന്ന കുറേ ചെറുപ്പക്കാര്‍.. ഈ ബസില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കു, പിന്നീടു ഒരിക്കലും ആ യാത്ര മറക്കാന്‍ പറ്റില്ലായിരുന്നു..
ladies only ബസ് എല്ലാവരും കണ്ടിരിക്കും, എന്നാല്‍ പുരുഷന്മാര്‍ക്കു മാത്രമായി ഒരു ബസ്.. അതാണു ഞങ്ങളുടെ ബസിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.KSRTC അങ്ങനെ ഒരു റിസര്‍വേഷന്‍ തന്നതൊന്നുമല്ല.ഞങ്ങള്‍ സ്വയമേ കല്‍പിച്ചു അനുഭവിച്ചു പോന്നതാണ്. പൊതുവേ, നാരിമാര്‍( നാറികള്‍ എന്നാണു 'സ്ത്രീകള്‍' എന്നു എഴുതിയിരിക്കുന്നതിനെ ഈ ബസില്‍ ഞങ്ങള്‍ ലോപിപ്പിച്ചു എഴുതിയിരിക്കുന്നത്. മാറി വരുന്ന ബസുകളിലും ഈ മാറ്റം വരുത്താന്‍ എന്റെ ഒരു സുഹൃത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു) ഈ ബസില്‍ കയറാന്‍ മടി കാണിച്ചിരുന്നെങ്കിലും അഥവാ ആരെങ്കിലും അറിയാതെ കയറിയാല്‍ തന്നെ, ഇറക്കി വിടുമായിരുന്നു. ബസില്‍ ആദ്യം കയറുന്നവരുടെ പ്രധാന ജോലി തന്നെ, കയറാന്‍ വരുന്ന സ്ത്രീകളെ പറഞ്ഞുവിടുക എന്നതായിരുന്നു.അതു മാത്രമല്ല സ്ത്രീകള്‍ക്കു വേണ്ടി മാത്രമായി ഇതേ റൂട്ടില്‍, ഇതേ സമയം മറ്റൊരു ബസും സര്‍വീസ് നടത്തുന്നുണ്ടായിരുന്നു.അപ്പൊപിന്നെ ഈ ബസ് പുരുഷന്മാര്‍ക്ക്കു അവകാശപ്പെട്ടതല്ലേ?പിന്നെ, ഞങ്ങളുടെ ഈ ബസിനെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യം പറയേണ്ട ഒന്നുണ്ട്.ഇത് ഒരു students only ബസ്സ് ഒന്നുമല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആര്‍ട്‌സ് കോളേജ്, സംഗീത കോളേജ്,വിമന്‍സ് കോളേജ്,മോഡല്‍ സ്കൂള്‍ എന്നീ കലാലയങ്ങള്‍ എല്ലാം ചുറ്റി പോകുന്നതു കൊണ്ടു വിദ്യാര്‍തികള്‍ ആയിരിക്കും കൂടുതല്‍ എന്നതുകൊണ്ടു വിദ്യാര്‍ത്ഥികള്‍ക്കു മാത്രമുളള എല്ലാ അവകാശങ്ങളും ഈ ബസിനു കല്‍പ്പിച്ചു കിട്ടിയിരുന്നു. കൃത്യ സമയത്തു ബസ് വിടാന്‍ ജീവനക്കാരും ശ്രദ്ധിച്ചിരുന്നു.( ഞങ്ങളുടെ സ്വഭാവം നല്ല പോലെ അറിയാവുന്നതു കൊണ്ടുതന്നെ ആവും.)
ബസിലെ ഏറ്റവും പുറകിലെ നീണ്ട സീറ്റായിരുന്നു, ഞങ്ങളുടെ ഹെഡ് ഓഫീസ്. സംഘാംഗംങ്ങള്‍ എല്ലാം ആ സീറ്റിനു ചുറ്റിലും തന്നെ ആയിരിക്കും.എല്ലാ യാത്രകളിലും. ആ സീറ്റില്‍ മറ്റാരു വന്നിരുന്നാലും ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു വിടും. ആ സീറ്റിലും ഇരിക്കുന്നവരുടെ മടിയിലും സൈഡിലെ കമ്പിയിലും ഒക്കെയായി എല്ലാപേരും അഡ്ജസ്റ്റ് ചെയ്യും. പിന്നെ ഞങ്ങളുടെ കലാപരിപാടികള്‍ ആരംഭിക്കയായി. സംഗീതകച്ചേരി ആണു മെയിന്‍ ഐറ്റം. അതും ക്ലാസ്സിക്കലും ഹിന്ദുസ്താനിയും പാശ്ചാത്യവും റോപ്പും എല്ലാം ഞങ്ങളുടെ കണ്ഠകഠോരങ്ങളില്‍ നിന്നും ശുദ്ദസംഗീതമായി ദിവസവും ഒഴുകിയിരുന്നു.. വ്യത്യസ്ത രാഗങ്ങളിലും ഈണത്തിലും ഞങ്ങള്‍ പാടുന്ന സമൂഹ ഗാനങ്ങള്‍ ബസിനകത്തും പുറത്തും ഒരുപോലെ പ്രശസ്തവും ആയിരുന്നു. ഇടയ്കെങ്കിലും സംഗീത കോളേജിലെ വിദ്യാര്‍ത്ഥികളും ഞങ്ങളുടെ വിലയും നിലയും കളയാതെ സൂക്ഷിച്ചു പോന്നു. തിങ്കള്‍ മുതല്‍ വെള്ളി വരുന്ന തുടരുന്ന ഗാനമേളക്കു ഒരു മുടക്കവും ഉണ്ടായിരുന്നില്ല. 45 മിനിറ്റ് യാത്രയില്‍ മിനിമം 10 പാട്ട് എങ്കിലും ഞങ്ങള്‍ പാടിയിരിക്കും. അതും മലയാളം,തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലെ പഴയതും പുതിയതുമായ ഗാനങ്ങള്‍. വരികളുടെ അജ്ഞതയോ ഒന്നും ഒരു പ്രശ്നം അല്ലായിരുന്നു. എല്ലാവരും അവര്‍ക്കറിയവുന്ന പോലെ അങ്ങു പാടും. ബസ് ജീവനക്കാരോ യാത്രക്കാരോ ഒന്നും ഇതിനെ ഒരിക്കല്‍ പൊലും എതിര്‍ത്തിരുന്നില്ല...
ഞങ്ങളുടെ ഏറ്റവും ഹിറ്റ് ഗാനം ഇതായിരുന്നു.
" ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ,
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ,
രാഗം നീയല്ലേ,താളം നീയല്ലേ
എന്നാത്മ സംഗീത ശില്‍പം നീയല്ലേ"
ഈ അനശ്വര ഗാനം ഏറ്റവും ഹിറ്റ് ആകാനുള്ള കാരണം ഇതിലെ ഓരോ വരികളും കഴിയുമ്പോള്‍ എല്ലാവരും കോറസായിട്ട് "ഓഹോയ്" എന്നു വിളിക്കും.. പൊതുവെ ഈ പുതിയ സംഗീതം എല്ലാപേരെയും ആകര്‍ഷിച്ചിരുന്നു.... ഇങ്ങനെ ഞങ്ങളുടെ ഗാനമേള ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയും പുതിയ സംഗീത ശൈലിയിലൂടെയും പ്രശസ്തിയിലേക്കു എത്തുകയും ചെയ്തു......
ഒരുദിവസം. പതിവുപോലെ ബസ്, സ്റ്റാന്റില്‍ നിന്നും എടുത്തപ്പോള്‍ തന്നെ ഞങ്ങളുടെ ഗാനമേളയും തുടങ്ങി.. മലയാളത്തിലെ ഹിറ്റ് ഗാനങ്ങള്‍ ഒക്കെ കഴിഞ്ഞ് തമിഴിലേക്കു കയറി.ബസ് ഏതാണ്ട് 5 കി.മി. കഴിഞ്ഞ് 'എട്ടാം കല്ല്' എന്ന സ്ഥലത്ത് എത്തി. അവിടെ നിന്നും കയറിയ ഒരാള്‍ ഞങ്ങളുടേ അടുത്തേക്കു വന്നു. അയാള്‍ ഞങ്ങള്‍ക്കൊപ്പം പാടിക്കൊണ്ടിരുന്ന ഒരാളോട് ചോദിച്ചു.
"അനിയാ,കഴിഞ്ഞ ദിവസം പാട്ട് പാടിയതാരൊക്കെയാണ്"?.. പാട്ട് കേട്ട് ഞങ്ങളെ അഭിനന്ദിക്കാന്‍ വന്നതാകും എന്നു കരുതി അവന്‍ പറഞ്ഞു."ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നല്ലോ".എന്നാല്‍ ആ ഗാനം ഒരിക്കല്‍ കൂടി പാടാമോ? ഹൊ! എനിക്കു വല്ലാത്ത ഉത്സാഹം.. ആദ്യമായാണു ഒരാള്‍ ഞങ്ങളോട് ഒരു പാട്ട് പിന്നെയും കേള്‍ക്കണം എന്ന ആവശ്യവുമയി വരുന്നത്.. ഞാന്‍ ചാടി വീണു ചോദിച്ചു.. ഏതു പാട്ടാണ് ചേട്ടാ.. ഇന്നലെ പാടിയതു മതി എന്നു അയാള്‍.. അയാളുടെ സ്വരത്തില്‍ വന്ന മാറ്റം ശ്രദ്ധിച്ചുകൊണ്ടു തന്നെ ഞാന്‍ അല്‍പം കടുപ്പിച്ചു വീണ്ടും ഏത് പാട്ടാണ് എന്ന് ചോദിച്ചു.. അയാള്‍ എന്റെ ഉടുപ്പില്‍ കുത്തി എടുത്തു... നീയൊക്കെ പഠിക്കാനാണോടാ പോണേ അതൊ......... പിന്നെ പറഞ്ഞതൊന്നും ഇവിടെ എഴുതാന്‍ പറ്റിയതല്ലാത്തതുകൊണ്ട് കുറിച്ചിടുന്നില്ല.
ഇതുകണ്ടു എന്റെ സുഹൃത്തുക്കള്‍ അയാളെ കയറി പിടിച്ചെങ്കിലും അയാള്‍ക്കൊപ്പം അവിടെ നിന്നിരുന്ന ആളുകള്‍ ഒക്കെ ചേര്‍ന്ന് അവരെയും പിടിച്ച് അടിച്ചു. അവരെല്ലാവരും ചേര്‍ന്നു ഞങ്ങളെ തലങ്ങും വിലങ്ങനും തല്ലി.. ഞങ്ങളുടെ സംഘത്തിലെ എല്ലാവര്‍ക്കും നല്ലരീതിയില്‍ തന്നെ കിട്ടി. ഇനി മേലാല്‍ ബസിലു പാടരുത് എന്നും അവരു പറയുന്നുണ്ടായിരുന്നു.. ഇതു കണ്ടൂ നിന്ന മറ്റു യാത്രക്കാരും അവരെ സപ്പോര്‍ട്ട് ചെയ്തെ മാറി നിന്നേ ഉള്ളൂ... അപ്പൊ ഞങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമായി. ഈ യാത്രക്കാരൊക്കെ ഗതികെട്ടാണ് ഞങ്ങളെ സഹിക്കുന്നതെന്നു. എന്നിട്ടും ഞങ്ങള്‍ക്കു മനസിലാകാത്ത ഒന്നുണ്ട്.. വെറുതെ പാടുന്നത് ഇങ്ങനെ തല്ലാന്‍ മാത്രം വലിയ കുറ്റം ആയിരുന്നോ ? ഇനി പാടിയാല്‍ തല്ലികൊല്ലും എന്നൊരു താക്കീതും നല്‍കി അവര്‍ അടുത്ത് ഒരു സ്റ്റൊപില്‍ ഇറങ്ങി സ്ഥലം വിട്ടു...
എന്നാല്‍ കഥയുടെ ഫ്ലാഷ് ബാക്ക് വളരെ വൈകിയാണ് ഞങ്ങല്‍ അറിഞ്ഞത്.. ആ ദിവസത്തിന്റെ മുന്നിലത്തെ ദിവസം ഒരു സ്റ്റോപ്പില്‍ വച്ചു ഞങ്ങള്‍ പാടി അത്രെ!!
" അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും നമ്മുടെ ആശ തീരും"
അതും ഏതോ ഒരു വിരുതന്‍ ബസ്സ് സ്റ്റോപില്‍ നിന്ന ഒരു പെണ്‍കുട്ടിയെ നോക്കികൊണ്ടെന്ന്... കുട്ടി വീട്ടിലെത്തി തന്റെ സഹോദരനോടു പറയുന്നു. അയാള്‍ കൂട്ടുകാരുമൊത്ത് സംഘടിക്കുന്നു .......( പിന്നെ എല്ലാം സ്ക്രീനില്‍).അന്നത്തെ ആ ഇടി..ഹൊ! എത്ര ദിവസം എണ്ണ ഇട്ടു തടവിയ ശേഷമാണ് വേദന മാറിയത് എന്നു എനിക്കു മാത്രമെ അറിയു... എന്നാലും ഏത് പെണ്‍കുട്ടിയെ നോക്കി ഏതു വിരുതനാണു ഇങ്ങനെ ആശ തീര്‍ത്തത് എന്ന് മാത്രം ഇന്നും ആര്‍ക്കും അറിയില്ല...( അറിഞ്ഞിരുന്നെങ്കില്‍ അന്നവനെ പച്ചക്കു ഞങ്ങള്‍ തിന്നുമായിരുന്നു.)
എന്തായാലും സ്പെന്‍സര്‍ ബസിലെ ഗാനമേള അതോടെ അവസാനിച്ചൊന്നുമില്ല..ഒരു ചെറിയ ഇടവേളക്കു ശേഷം പിന്നെയും തുടര്‍ന്നു.. പക്ഷേ ആ സ്റ്റൊപില്‍ എത്തുമ്പോള്‍ ശബ്ദത്തിനു പഴയ ഘനമില്ല, മാധുര്യമില്ല... എന്റെ തൊണ്ട പിന്നെ പാടിയിട്ടേ ഇല്ല എന്നത് ഒരു പരമരഹസ്യം.... വര്‍ഷങ്ങള്‍ക്കു ശേഷം ആ ആഘോഷതിന്റെ നാളുകള്‍ നൊസ്റ്റാള്‍ജിയ ആയി മനസ്സിലെക്കു ഓടിയെത്തിയപ്പോള്‍ ഇവിടെ കുറിക്കാന്‍ തോന്നി.അത്രെ ഉള്ളൂ.....